വി.ടി ബല്‍റാം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് ശേഷം മലയാളിയുടെ വീര നായകനെന്ന് അഡ്വ. ജയശങ്കര്‍: വി.ടിയെ തള്ളിപ്പറഞ്ഞ് കെഎസ് ശബരീനാഥന്‍

single-img
7 April 2018

മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് വി.ടി ബല്‍റാം എംഎല്‍എയെന്ന് അഡ്വ. ജയശങ്കര്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ല, അത് വിടി ബല്‍റാം തന്നെയാണെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കരുണാ സഹായ ബില്ലിന്റെ ചര്‍ച്ച കണ്ട എസ്എഫ്‌ഐ സഖാക്കള്‍ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രശ്‌നമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ല വിടി ബല്‍റാം. മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ ബല്‍റാം. കരുണാ സഹായ ബില്ലിന്റെ ചര്‍ച്ച കണ്ട എസ്എഫ്‌ഐ സഖാക്കള്‍ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രശ്‌നം.

ഉമ്മനും ചെന്നിയും ഹസന്‍ജിയും മുതല്‍ ശബരീനാഥനും റോജി എം ജോണും വരെ ബല്‍റാമിന്റെ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്: ബല്‍റാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല!. ബല്‍റാം പിന്നെ എന്തു ചെയ്യണമായിരുന്നു?. അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നു പറയണമായിരുന്നു.

കരുണാ സഹായ ബില്ലിലെ അധാര്‍മികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാര്‍ ഹാജിയോടു വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും ചെയ്‌തേനെ.

തൃത്താല എംഎല്‍എയുടെ അപക്വത മൂലം പാര്‍ട്ടിക്കും മുന്നണിക്കും ആ സുവര്‍ണാവസരം നഷ്ടമായി. ഇത് കടുത്ത അച്ചടക്ക ലംഘനമാണ്, പെരുമാറ്റ ദൂഷ്യമാണ്. മഹത്തായ കോണ്‍ഗ്രസ് സംസ്‌കാരത്തിനു നിരക്കാത്ത നടപടിയാണ്. കോണ്‍ഗ്രസിനെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല.

അതിനിടെ വിടി ബല്‍റാം ഉന്നയിച്ച വിമര്‍ശനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി. ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ലെന്നും മറിച്ചു പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് യുഡിഎഫ് പലവട്ടം ചര്‍ച്ചചെയ്തതാണെന്നും ശബരിനാഥന്‍ പറയുന്നു.

എന്നാല്‍ അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശബരീനാഥന്‍ നിലപാട് വ്യക്തമാക്കിയത്.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎല്‍എമാര്‍ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളെജ് വിഷയത്തില്‍ ഒരുമിച്ച് ഒരു നിലപാടെടുത്തു. ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മള്‍ അംഗീകരിക്കുന്നു.

കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തില്‍ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥന്‍ പറയുന്നു.

ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോള്‍ വീണ്ടും കല്ലെറിയാന്‍ താനില്ലെന്നും അതുകൊണ്ട് ട്രോളുകള്‍ക്കു സ്വാഗതമുണ്ടെന്നും ശബരീനാഥന്‍ പറയുന്നു. താന്‍ ഏതായാലും കൈയ്യടിവാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ശബരീനാഥന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.