പാക്കിസ്ഥാന്‍ തട്ടിയെടുത്ത മീന്‍ പിടുത്ത ബോട്ടില്‍ ഭീകരര്‍ എത്താന്‍ സാധ്യത: ഗോവയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

single-img
7 April 2018

ഭീകരര്‍ കടല്‍വഴി ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു ഗോവയില്‍ അതീവ ജാഗ്രത നിര്‍ദേശം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ഗോവയുടെ തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കപ്പല്‍, കസിനോകള്‍ തുടങ്ങിയവയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗോന്‍കര്‍ അറിയിച്ചു.

മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഞങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട് ജയേഷ് പറഞ്ഞു. മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

ജില്ലാ കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അനുസരിച്ചു ദേശ–വിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ മീന്‍പിടിത്ത ബോട്ടില്‍ കറാച്ചിയില്‍നിന്നു കയറിയതായും ഇന്ത്യയിലെത്തി ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള മുന്നറിയിപ്പും ലഭിച്ചതായി ഗോവ ടൂറിസം വകുപ്പ് നല്‍കിയ മുന്നറിയിപ്പു സന്ദേശത്തില്‍ പറയുന്നു. എല്ലാ കപ്പലുകളും സുരക്ഷ വര്‍ധിപ്പിക്കണമെന്നും സംശയകരമായ എന്തുകണ്ടാലും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.