നവംബര്‍ 14 അങ്കിള്‍സ് ഡേ ആക്കണമെന്ന് ബിജെപി: ശിശുദിനമായി ആചരിക്കരുത്

single-img
6 April 2018

ന്യൂഡല്‍ഹി: നവംബര്‍ 14 ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നതിനെതിരെ ബിജെപി എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. നവംബര്‍ 14 അങ്കിള്‍ ദിനമായോ ചാചാ ദിനമായോ ആചരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇതിന് പകരം ഡിസംബര്‍ 26 കുട്ടികളുടെ ദിനമായി ആചരിക്കണമെന്നും ബിജെപി എംപിമാര്‍ ആവശ്യപ്പെടുന്നു. സിഖുകാരുടെ പത്താമത്തെ ആത്മീയ നേതാവായിരുന്ന ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലുമക്കള്‍ മുഗള്‍ ആക്രമണത്തില്‍ ജീവത്യാഗം ചെയ്ത ദിനമാണ് ഡിസംബര്‍ 26 എന്നും ആ ദിനമാണ് ശിശുദിനമായി ആചരിക്കേണ്ടതെന്നുമാണ് ബിജെപി എംപിമാരുടെ ആവശ്യം.

60 ബിജെപി എം.പിമാരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കുട്ടികളില്‍ ശരി എന്താണോ അതിന് വേണ്ടി പോരാടാനും സ്വന്തം വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കാനുള്ള ധൈര്യവും വളര്‍ത്താന്‍ ഡിസംബര്‍ 26 ന് ശിശുദിനം ആചരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ആവശ്യമുന്നയിച്ച ബിജെപി എംപിമാര്‍ പറയുന്നത്.