കണ്ണൂര്‍ കരുണ ബില്ലിനെതിരെ എകെ ആന്റണി: ഭരണ പ്രതിപക്ഷ ഐക്യം വേണ്ടത് മാനേജ്‌മെന്റിനെതിരെ

single-img
6 April 2018

Support Evartha to Save Independent journalism

തിരുവനന്തപുരം: കണ്ണൂര്‍ കരുണ ബില്ലിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരമാണെന്ന് ആന്റണി പറഞ്ഞു. നിയമസഭ ഇത്തരമൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. വിവാദമായ മെഡിക്കല്‍ ബില്ല് റദ്ദാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടണമായിരുന്നു. കുട്ടികളുടെ ഭാവി തുലാസിലാക്കിയതിന് കാരണക്കാര്‍ മാനേജ്‌മെന്റുകളാണ്. അവരുടെ ചതിക്കെതിരെയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കേണ്ടിയിരുന്നത്. സുപ്രധാനതീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ കോടതികളെ ഉപയോഗിക്കുകയാണ്.

ഇക്കാര്യം കോടതികളും മനസിലാക്കണമെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. മലപ്പുറത്ത് ദേശീയപാത പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടണമെന്നും ആന്റണി പറഞ്ഞു. വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ പരുക്കേല്‍ക്കുന്നവരെക്കൂടി വിശ്വാസത്തിലെടുക്കണം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭാഷ കല്‍പനയുടേതാണെന്നും ആന്റണി കുറ്റപ്പെടുത്തി.