കാലാവസ്ഥ തണുപ്പില്‍ നിന്നു ചൂടിലേക്ക് മാറുന്ന സമയമാണ്; ഗള്‍ഫിലുള്ളവര്‍ കറുത്ത ഇനം ഉറുമ്പുകളെ സൂക്ഷിക്കണം

single-img
6 April 2018

 


ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൗദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൗദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഗള്‍ഫ് കാലാവസ്ഥ തണുപ്പില്‍ നിന്നു ചൂടിലേക്ക് മാറുന്ന സമയമായതിനാല്‍ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ‘ബുള്‍ ഡോഗ്’ ഉറുമ്പുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ അപകടകാരിയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊമ്പും താടിയും ഉപയോഗിച്ചാണ് ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണം.

ഇവര്‍ പല്ലുകള്‍ ഇരയുടെ ശരീരത്തിലേക്ക് ആഴത്തിലിറക്കുകയും ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന്‍ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകള്‍ കുത്തി നിറക്കാറുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്.

മനുഷ്യരെ അല്‍പംപോലും ഭയമില്ലാത്ത ഇവര്‍ അക്രമ സ്വഭാവമുള്ളവരാണ്. നിരവധിപ്പേര്‍ ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കേ അമേരിക്കന്‍ തദ്ദേശവാസിയായ റിഫ എന്നയിനം ഉറുമ്പുകളും ആളെക്കൊല്ലിയാണ്.

വര്‍ഷം തോറും നൂറുകണക്കിന് പേര്‍ക്ക് ഇതിന്റെ കടിയേറ്റ് ചികിത്സതേടേണ്ടി വരുന്നുണ്ട്. തീയുറുമ്പ് എന്നറിയപ്പെടുന്ന റിഫയുടെ ആക്രണമത്തിന് ഇരയാകുന്നവരില്‍ ആറ് ശതമാനംപേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. കൂട്ട ആക്രണത്തില്‍ കൃഷിയിടങ്ങളും വൈദ്യുതി ഉപകരണങ്ങളും മറ്റും തകര്‍ക്കുന്ന തീയുറുമ്പുകള്‍ വര്‍ഷന്തോറും കോടികളുടെ നഷ്ടമുണ്ടാക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാംസം എന്ന ഇനത്തില്‍പ്പെട്ട ഉറുമ്പാണ് മലയാളി യുവതിയെ കടിച്ചെതെന്നാണ് നിഗമനം. ശ്വസകോശത്തിനുചുറ്റുമുളള കലകളെയാണ് ഈ ഉറുമ്പുകളുടെ വിഷം ബാധിക്കുക.

വിഷമേറ്റാല്‍ ഗുരുതരമായ അലര്‍ജി അനുഭവപ്പെടുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യപ്പെടും. കാലാവസ്ഥ വ്യതിയാനമാകാം ജനസാന്ദ്ര പ്രദേശത്തേക്ക് സാംസം ഉറുമ്പുകള്‍ എത്താനുളള കാരണമെന്ന് സംശയിക്കുന്നു. നേരത്തെ മലയാളി ലേഡി ഡോക്ടര്‍ ഒമാനില്‍ ഉറുമ്പുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിരുന്നു.

വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിഷം പുറപ്പെടുവിക്കു ഉറുമ്പുകളും ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിഷപ്പാമ്പുകളേക്കാള്‍ അപകടകാരികളാണ് ഇത്തരം വിഷഉറുമ്പുകള്‍.