രണ്ടു തവണ യോഗിയെ കാണാന്‍ എത്തിയപ്പോഴും അസഭ്യം പറഞ്ഞ് പുറത്താക്കി: യോഗി ആദിത്യനാഥിനെതിരെ പ്രധാനമന്ത്രിക്ക് ബിജെപി എംപിയുടെ പരാതി

single-img
5 April 2018

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപിക്കാരനായ ദളിത് എംപിയുടെ പരാതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചെന്നുകാട്ടി ഛോട്ടേ ലാല്‍ എംപിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കിയത്.

യുപിയിലെ റോബര്‍ട്‌സ് ഗഞ്ചില്‍നിന്നുള്ള ലോക്‌സഭാംഗമാണ് 45 കാരനായ ഛോട്ടേ ലാല്‍. രണ്ടു തവണ യോഗിയെ കാണാന്‍ താന്‍ എത്തിയപ്പോഴും തന്നെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് ഛോട്ടെ ലാല്‍ ഖര്‍വാര്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പരാതിപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഛോട്ടെ ലാല്‍ ഖര്‍വാറിന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ബിജെപിയെ പ്രതിക്കൂട്ടിലാക്കി രാജ്യത്തുടനീളം ദളിത് പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടി എംഎല്‍എയുടെ പരാതി. സര്‍ക്കാരും ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നത്. തന്റെ പരാതി കേള്‍ക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

‘പാര്‍ട്ടിക്കകത്ത് സാധ്യമായ എല്ലാ സംവിധാനങ്ങളും ഞാന്‍ പരീക്ഷിച്ചു. പക്ഷേ എല്ലാം എന്നെ തളര്‍ത്തി. ഇതാണു പുറത്തുവരാനും പട്ടികജാതി, പട്ടികവര്‍ഗ ദേശീയ കമ്മിഷന് ഉള്‍പ്പെടെ പരാതി നല്‍കാനും പ്രേരിപ്പിച്ചത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. എനിക്കെതിരെ തെറ്റായി എന്തെങ്കിലും കാണാനാവുന്നുണ്ടോ? അങ്ങനെയില്ലെങ്കില്‍ പിന്നെ എനിക്കുനേരെ വിവേചനമെന്തിനാണ്’– ഛോട്ടേ ലാല്‍ ചോദിക്കുന്നു.