സര്‍ക്കാരിനു വന്‍ തിരിച്ചടി: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സിന് സ്റ്റേ: 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി

single-img
5 April 2018

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

ഹര്‍ജി ഇന്നു തന്നെ പരിഗണിക്കുമെന്ന് നേരത്തേ സുപ്രീംകോടതി പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം അംഗീകരിച്ച് നിയമസഭയില്‍ ബുധനാഴ്ച ബില്‍ പാസ്സാക്കിയിരുന്നു. ഇതു നിലവില്‍ ഗവര്‍ണരുടെ പരിഗണനയിലാണ്.

ഈ സാഹചര്യത്തിലാണ് വാദം നീട്ടിവയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ലല്ലോയെന്നായിരുന്നു കോടതി ചോദിച്ചത്. അതിനാല്‍ത്തന്നെ ഓര്‍ഡിനന്‍സ് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ അിഭാഷകന്റെ വാദം കേള്‍ക്കാന്‍ കോടതി തയാറായത്.

മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതാണ്. പ്രവേശന സമിതിക്കു എങ്ങനെ ഇക്കാര്യത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാനാകുമെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതിനിടെ കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണു കാണുന്നതെന്നും പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.