ഏപ്രില്‍ 18ന് സൗദിയില്‍ ആദ്യ സിനിമാ തീയേറ്റര്‍ തുറക്കും; സ്ത്രീകള്‍ക്കും സിനിമ കാണാം

single-img
5 April 2018

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും. ഈ മാസം 18ന് ആദ്യ തീയേറ്റര്‍ റിയാദില്‍ തുറക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. സ്ത്രീകള്‍ക്കും തീയേറ്ററുകളില്‍ പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്.

ജനസംഖ്യയില്‍ എഴുപതു ശതമാനവും യുവാക്കള്‍ ഉള്ളതും ഗള്‍ഫിലെ ഏറ്റവും വിസ്തൃതവുമായ സൗദി അറേബ്യയില്‍ പുതുതായി തുറന്നു കിട്ടിയ സിനിമാ രംഗത്തെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താന്‍ നിരവധി രാജ്യാന്തര കമ്പനികളാണ് മത്സര രംഗത്തുള്ളത്.

സ്വദേശികള്‍ക്കു വലിയ തൊഴില്‍ സാധ്യതയും ദേശീയ സമ്പദ് ഘടനയ്ക്ക് പുത്തന്‍ ഉണര്‍വും സിനിമാ രംഗത്തു സൗദി അറേബ്യ പ്രതീക്ഷിക്കുന്ന ഗുണങ്ങളാണ്. സമ്പദ് ഘടനയുടെ വൈവിധ്യവല്‍ക്കരണവും എണ്ണയിലുള്ള ആശ്രയം മാറ്റിയെഴുതാനും ഉദ്ദേശിച്ചു സൗദി അറേബ്യ ആവിഷ്‌കരിച്ച ‘വിഷന്‍ 2030 ‘ വിഭാവന ചെയ്യുന്ന ഒരു പ്രധാന മേഖലയാണ് വിനോദ, സിനിമാ രംഗം.