സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്

single-img
5 April 2018

കൃഷ്ണമൃഗവേട്ടക്കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പൂര്‍ വിചാരണക്കോടതിയുടേതാണ് സുപ്രധാന വിധി. തടവിനോപ്പം 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ മൂന്നുവര്‍ഷത്തില്‍ കുറവായതിനാല്‍ ഇന്നുതന്നെ താരത്തിന് ജാമ്യം ലഭിക്കും.

കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനെന്ന് അല്‍പം മുന്‍പ് കോടതി വിധിച്ചിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടെ വിധി. സല്‍മാന്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു വിധി.

സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1998 ഒക്ടോബര്‍ രണ്ടിന് ജോധ്പൂരിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നാണ് കേസ്. ഹം സാത് സാത് ഹേ എന്ന സിനിമയുടെ ഷൂട്ടിങിനിടെയയായിരുന്നു സംഭവം.

വന്യജീവി സംരക്ഷണനിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2012 മുതല്‍ 2017 വരെയുള്ള ആറ് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇരുപത്തിയെട്ട് സാക്ഷികളെ വിസ്തരിച്ചു. അഞ്ച് അഭിനേതാക്കളുടേയും മൊഴി രേഖപ്പെടുത്തി.

ആദ്യപരാതിയില്‍ ദൃക്‌സാക്ഷി ഇല്ല എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും പിന്നീട് സാക്ഷികളെ കെട്ടിച്ചമച്ചുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ശിവാദേ വാദിച്ചു. പട്ടികടിയേറ്റ് കുഴിയില്‍ വീണാണ് കൃഷ്ണമൃഗം കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നതെന്നും വാദമുയര്‍ന്നു.

വെടിയേറ്റാണ് മരിച്ചതെന്ന് രണ്ടാമത് രേഖപ്പെടുത്തിയത് അഭിനേതാക്കളെ കുരുക്കാന്‍ വേണ്ടിയാണെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു. ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതുള്‍പ്പെടെ, കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും സല്‍മാന്‍ ഖാനെ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.