റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്

single-img
5 April 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി സനുവിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് സനു താമസിക്കാന്‍ സൗകര്യം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഇയാളെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സനുവിന്റെ വീട്ടില്‍നിന്ന് ഉപയോഗിക്കാത്ത ഒരു വാള്‍ കണ്ടെടുത്തിട്ടുണ്ട്. മാര്‍ച്ച് 27നാണ് ചുവന്നകാറിലെത്തിയ നാലംഗസംഘത്തിലെ മൂന്നുപേര്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആ സമയം രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

കൊലപാതകത്തിനു ക്വട്ടേഷന്‍ നല്‍കിയതു പ്രവാസി വ്യവസായി ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താര്‍ എന്ന അബ്ദുല്‍ സത്താറാണെന്നാണു പൊലീസ് പറയുന്നത്. കൊലയ്ക്കു നേതൃത്വം നല്‍കിയതു ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്‌കൈലാബില്‍ അലിഭായി എന്നുവിളിക്കുന്ന സാലിഹ് ബിന്‍ ജലാലാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതര സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ സത്താര്‍ ഖത്തറില്‍വച്ചു സ്‌നേഹിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്കു രണ്ടു കുട്ടികളുമുണ്ട്. ഖത്തറിലെത്തിയ രാജേഷ്‌കുമാര്‍ യുവതിയുമായി അടുപ്പത്തിലായി. സത്താറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിനു യുവതി നിയമനടപടികള്‍ ആരംഭിക്കുക കൂടി ചെയ്തതിന്റെ പ്രതികാരമാണു കൊലപാതത്തില്‍ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്.

കൊലപാതകം ആസൂത്രണം ചെയ്ത സാലിഹ് മുന്‍പ് ഓച്ചിറയിലും ജിംനേഷ്യം പരിശീലകനായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് കൊലപാതകത്തിനു തന്റെ മുന്‍ ശിഷ്യരായ യാസിം, നിഖില്‍ എന്നിവരുടെ സഹായം തേടിയത്. തുടര്‍ന്ന് അവര്‍ ഏര്‍പ്പെടുത്തിയ കാറിലെത്തി കൊലപാതകം നടത്തി മൂന്നുദിവസം കേരളത്തില്‍ തങ്ങിയശേഷമാണു കഠ്മണ്ഡുവിലേക്കു കടന്നതെന്നും പൊലീസ് പറഞ്ഞു. സാലിഹ് നാട്ടിലെത്തിയിരുന്ന വിവരം വീട്ടുകാര്‍ അറിയുന്നത് അന്വേഷണസംഘം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ്.