തിരുവനന്തപുരത്തെ റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലെ വ്യവസായി

single-img
5 April 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറെന്ന് പോലീസിന്റെ സ്ഥിരീകരണം. അബ്ദുള്‍ സത്താറിനെയും, മുഖ്യപ്രതി സാലിഹ് എന്ന അലിഭായിയെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞെങ്കിലും ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ പോലീസ് ഇതാദ്യമായാണ് സ്ഥിരീകരണം നല്‍കുന്നത്. രാജേഷിന് പരിചയമുണ്ടായിരുന്ന പ്രവാസി സ്ത്രീയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താറാണിതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി സാലിഹ് ബിന്‍ജലാല്‍ എന്ന അലിഭായിയെ കൊല്ലം സ്വദേശി കൂടിയായ സത്താര്‍ ക്വട്ടേഷന്‍ ഏല്‍പിക്കുകയായിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. രാജേഷുമായുള്ള സ്ത്രീയുടെ ബന്ധം തന്നെയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് സൂചനയുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതുവരെ ഇരുപതിലധികം പേരെ ചോദ്യംചെയ്‌തെങ്കിലും ആരുടെയും അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. അബ്ദുള്‍ സത്താര്‍, അലിഭായ് എന്നിവര്‍ രക്ഷപെട്ട് ഖത്തറിലെത്തിയെന്ന വിവരമുള്ളതിനാല്‍ ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.

അതിനിടെ അലിഭായിയും കൂട്ടരും മുങ്ങിയത് കൊലപാതകത്തിനുപയോഗിച്ച കാര്‍ ബംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയ ശേഷമാണെന്ന് പൊലീസ് കണ്ടെത്തി. ബംഗളൂരുവില്‍ നിന്ന് കാര്‍ കായംകുളത്തെത്തിച്ച കേസില്‍ പൊലീസ് പിടിയിലായ ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബുബക്കര്‍(25), അജന്താജംഗ്ഷന്‍ സ്വദേശി നിഖില്‍ (23)എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ബംഗളൂരുവില്‍ ഒരേ കോളജില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ പഠന കാലത്ത് അവിടെ താമസിച്ചിരുന്നു.

ഈ സൗഹൃദം മുതലെടുത്താണ് കൃത്യം കഴിഞ്ഞ് മടങ്ങിയ സംഘത്തിന് ബംഗളൂരുവില്‍ താമസ സൗകര്യം തരപ്പെടുത്തിയത്. രാജേഷിന്റെ കൊലപാതകക്കേസില്‍ പൊലീസ് അന്വേഷണം ശക്തമാകുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ ബാംഗളൂരുവില്‍ നിന്ന് പിരിയും മുമ്പ് കൃത്യത്തിനുപയോഗിച്ച റെന്റ് എ കാര്‍ നാട്ടിലെത്തിക്കാന്‍ സാലിഹ് ഇവരെ ചുമതലപ്പെടുത്തുകയായിരുന്നു.

കാറിന്റെ വാടകയും ഇന്ധനചെലവും നല്‍കിയശേഷമാണ് സാലിഹ് സ്ഥലം വിട്ടത്. കൊലപാതക സംഘത്തിലുള്‍പ്പെട്ടിരുന്ന കായംകുളം സ്വദേശി അപ്പുണ്ണിയും സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.