പ്രതിപക്ഷ എംപിമാരുടെ മൊബൈലുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു; എംപിമാരെ മോദി സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ആരോപണം

single-img
5 April 2018

Support Evartha to Save Independent journalism

എംപിമാരെ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് എ സമ്പത്ത് എംപി. പ്രതിപക്ഷ എംപി മാരുടെ മൊബൈലുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാണ്. എംപിമാരുടെ വസതിയിലും മോഷണം നടക്കുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെയാണെന്നാണ് എംപി യുടെ ആരോപണം.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ സമ്പത്ത് എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. നിരവധി തവണ നേരത്തെയും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് എ സമ്പത്ത് എംപി നേരിട്ട് ലോക സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സമാനമായ ആരോപണം പ്രതിപക്ഷത്തെ നിരവധി എംപിമാര്‍ക്കുണ്ട്. ഇടത് എംപിമാരുടെ വസതികളില്‍ ആവര്‍ത്തിച്ച് മോഷണമുണ്ടാകുന്നുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സീതാറം യച്ചൂരി എംപിയായിരുന്ന സമയത്ത് അദേഹത്തിന്റെ ഫോണും മോഷണം പോയിരുന്നു.

എന്നാല്‍ ഇതുവരെ വിഷയത്തില്‍ കേന്ദസര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ വളരെ ഉറച്ച ആരോപണവുമായാണ് എംപിമാര്‍ രംഗത്തുവന്നിരിക്കുന്നത്. ഡല്‍ഹി പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും തന്നെ എടുത്തില്ലന്നും പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.