കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത: സര്‍ക്കാര്‍ നടപടിയെ തള്ളിപ്പറയില്ലെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

single-img
5 April 2018

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി. ബില്ലിനെയും സര്‍ക്കാരിനെയും അനുകൂലിക്കുന്നുവെന്ന മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

‘കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത്രയധികം കുട്ടികളുടെ ഭാവി പൂര്‍ണ്ണമായും അടഞ്ഞു പോകുന്നൊരു സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി മനുഷ്യത്വപരമായ സമീപനം എടുക്കണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്റേത്’.

എന്നാല്‍ നിയമത്തിനു മുന്നില്‍ ആ നിലപാടിനുണ്ടായ വീഴ്ച്ചകളാണ് ചൂണ്ടിക്കാട്ടപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതിയാണ് വിവാദ ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു. സ്വാശ്രയക്കൊളളയ്ക്ക് കൂട്ടുനില്‍ക്കുന്നില്ലെന്നും സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫ് എം.എല്‍.എമാരും നടത്തിയ സമരത്തിന് ഇതോടെ അര്‍ഥമില്ലാതായെന്നാണ് വി.എം സുധീരന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഐക്യം അപഹാസ്യമാണെന്ന് സുധീരന്‍ തുറന്നടിച്ചു.

പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്നും ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ബില്ല് പാസാക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും രംഗത്ത് വന്നിരുന്നു.

ബില്ലിനെ വി.ടി ബല്‍റാം എം.എല്‍.എ നിയമസഭയില്‍ തന്നെ എതിര്‍ത്തിരുന്നു. ആ എതിര്‍പ്പിനെ തള്ളി അപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് സഭയില്‍ രംഗത്തെത്തുകയും ചെയ്തു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ ഇന്നലെയാണ് പാസാക്കിയത്. സുപ്രീംകോടതി വിമര്‍ശനം അവഗണിച്ചുകൊണ്ടാണ് ഐകകണ്‌ഠേന ബില്‍ പാസാക്കിയത്.