മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

single-img
5 April 2018

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.

ഉടന്‍ അഗ്‌നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്ശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.

കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗനമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. തീ മുകളിലേക്ക് പടരുമ്പോഴേക്കും നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി.

തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.