തമിഴ്‌നാട് ബന്ദിൽ ജനജീവിതം സ്തംഭിച്ചു: ഈ മാസം 12ന് കർണാടകയിലും ബന്ദ്

single-img
5 April 2018

കാവേരി മാനേജ്‌മെന്റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചു. സംസ്ഥാനത്ത് 90 ശതമാനത്തിലധികം കടകൾ അടഞ്ഞു കിടക്കുകയാണ്.

സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും സംസ്ഥാനത്തു പരക്കെ റോഡ്, ട്രെയിൻ ഗതാഗതം തടയുന്നുണ്ട്. ട്രാക്കിൽ സമരക്കാർ കുത്തിയിരുന്നതിനെത്തുടർന്നു സബർബൻ ട്രെയിനുകൾ മുടങ്ങി. ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്കു തള്ളിക്കയറാനുള്ള ശ്രമം തടഞ്ഞതിനെത്തുടർന്നു സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പ്രതിഷേധങ്ങളുടെ ഭാഗമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ചെന്നൈ ഇവിആർ സ്റ്റാച്യുവിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ഡിഎംകെ, കോൺഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാർട്ടികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തിൽ 15,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

അതിനിടെ കാവേരി നദിയിലെ ജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ 12ന് ബന്ദ് നടക്കും. കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.