പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈനും?: രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തി

single-img
5 April 2018

ബഹ്‌റൈനില്‍ വന്‍ എണ്ണനിക്ഷേപവും പ്രകൃതിവാതക നിക്ഷേപവും കണ്ടെത്തി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. 1932ല്‍ മിഡിലീസ്റ്റില്‍ ആദ്യമായി പെട്രോള്‍ കണ്ടെത്തിയത് ബഹ്‌റൈനിലായിരുന്നു.

പിന്നീട് ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ശേഖരം കണ്ടെത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശേഖരമാണിതെന്ന് എണ്ണവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു. ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്.

ഇപ്പോള്‍ കണ്ടെത്തിയ ശേഖരത്തില്‍ നിന്ന് എത്രമാത്രം ഇന്ധനം വേര്‍തിരിച്ചുകിട്ടുമെന്ന് പഠിച്ചുവരുന്നതേയുള്ളൂ. അസംസ്‌കൃത എണ്ണയുടെ താരതമ്യേന ലഘുവായ രൂപത്തിലുള്ള എണ്ണയുടെ(ഷെയ്ല്‍ ഓയില്‍) ഉറവിടമാണ് പര്യവേക്ഷണത്തില്‍ കണ്ടെത്തിയത്.

നിലവില്‍ ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പലമടങ്ങ് ഇവിടെ നിന്ന് കിട്ടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എണ്ണശേഖരത്തിനൊപ്പം വന്‍ തോതില്‍ വാതകനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് എണ്ണ ഉത്പാദനം തുടങ്ങാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് നേരിട്ടും അല്ലാതെയും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ കണ്ടെത്തല്‍. ഒപെക് രാജ്യങ്ങളില്‍ ഉള്‍പ്പെടാത്ത എണ്ണ ഉത്പാദക രാജ്യമായ ബഹ്‌റൈനില്‍ രണ്ട് എണ്ണപ്പാടങ്ങളില്‍ നിന്നാണ് നിലവില്‍ എണ്ണയില്‍ വരുമാനം കിട്ടുന്നത്.

പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയിലാണ് ബഹ്‌റൈന്‍ പാടത്ത് നിന്ന് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. പുതിയ എണ്ണനിക്ഷേപം കണ്ടെത്തിയതോടെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്താനും ഒരുപക്ഷേ ബഹറൈന് കഴിഞ്ഞേക്കും.