മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി; ഗുരുതര ആരോപണങ്ങളുമായി സിദ്ധാര്‍ഥ് സാഗര്‍

single-img
4 April 2018

കൊമേഡിയനും ടെലിവിഷന്‍ സീരിയലുകളില്‍ സ്ഥിരം സാന്നിധ്യവുമായിരുന്ന സിദ്ധാര്‍ഥ് സാഗറിനെ കുറച്ച് നാളായി കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ സുരക്ഷിതനായിരിക്കുന്നതായി സിദ്ധാര്‍ഥ തന്നെ അറിയിച്ചു. അതേസമയം ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കി. മാതാപിതാക്കള്‍ തനിക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയിരുന്നതായും സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

സിദ്ധാര്‍ഥിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

ഇരുപതു വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞവരാണ് എന്റെ മാതാപിതാക്കള്‍. അതോടെ ഞാന്‍ ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. ഡല്‍ഹിയില്‍ എനിക്ക് ഗുരുക്കന്മാരുണ്ട്. അവിടെയാണ് ഞാന്‍ ശാന്തിയും സമാധാനവും കണ്ടെത്തിയത്. ഞാന്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും മാറണമെന്ന് എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. അതിനവര്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്റെ അച്ഛന്‍ ഡല്‍ഹിയിലാണ്. ഞാന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.

ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു. എന്റെ ഉറ്റ സുഹൃത്തായിരുന്നു അമ്മ. വേറെ ആരെയും ഞാനിത്ര സ്‌നേഹിച്ചിട്ടില്ല, വിശ്വസിച്ചിട്ടുമില്ല. അങ്ങനെയിരിക്കെയാണ് അമ്മ സുയാഷ് ഗാഡ്ഗില്‍ എന്ന ആ മനുഷ്യനെ കണ്ടുമുട്ടുന്നത്.

അമ്മയ്ക്ക് ജീവിതത്തില്‍ ഒരാളായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. പക്ഷെ അമ്മയുടെ ജീവിതത്തിലേക്ക് അയാള്‍ വന്നതോട് കൂടി ഞങ്ങളുടെ ജീവിതം ദുരിതമായി. ഇന്ന് എന്റെ കുടുംബ പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തേണ്ടിവന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പക്ഷെ എനിക്ക് വേറെ വഴിയില്ല.

അയാളുടെ വരവോടെ എനിക്ക് ജീവിതത്തില്‍ നിരാശ തോന്നി തുടങ്ങി. ഒന്നിലും താല്‍പര്യമില്ലാതായി. ശരീരഭാരം കൂടി. പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതോടെ ഞാന്‍ ധാരാളം കാപ്പി കുടിക്കാനും തുടങ്ങി. അപ്പോഴാണ് വിഷാദരോഗം ബാധിച്ചു തുടങ്ങിയെന്ന് ഞാന്‍ മനസിലാക്കിയത്. നാക്ക് കുഴഞ്ഞു തുടങ്ങി. മോശമായ അവസ്ഥയിലെത്തി. ഞാന്‍ ഇത് അമ്മയെയും സുയാഷിനെയും അറിയിച്ചു. അപ്പോഴാണ് എനിക്ക് ബൈപ്പോളാര്‍ രോഗത്തിനുള്ള മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് അവര്‍ പറഞ്ഞത്.

ഞാന്‍ ഞെട്ടിപ്പോയി. ബൈപ്പോളാര്‍ അസുഖത്തെ കുറിച്ച് എനിക്കറിയാം. എനിക്കതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്റെ മാതാപിതാക്കള്‍ എനിക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് തന്നു. ആ ദിവസങ്ങളിലെല്ലാം അമ്മ വല്ലാതെ അസ്വസ്ഥയാകാറുള്ളത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ എന്റെ സമ്പാദ്യമൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. പക്ഷെ വസ്തു സംബന്ധമായ ഒരു പ്രശ്‌നത്തിന്റെ ആവശ്യത്തിന് നോക്കിയപ്പോഴാണ് ഞങ്ങളുടെ പക്കല്‍ സമ്പാദ്യം ഒന്നുമില്ലെന്ന് മനസിലാകുന്നത്. അതെന്നെ വല്ലാതെ ബാധിച്ചു.

ഞാനത് സുയാഷിനെ അറിയിച്ചപ്പോള്‍ ഞങ്ങള്‍ വലിയ പ്രശ്‌നത്തിലാണ് ചെന്നുചാടിയതെന്നായിരുന്നു അയാളുടെ പ്രതികരണം. എന്റെ അമ്മയുടെ വികാരങ്ങള്‍ വച്ച് കളിക്കരുതെന്നു ഞാന്‍ അയാളോട് പറഞ്ഞതാണ്. ഞാന്‍ മയക്കു മരുന്നിനും മറ്റും അടിമയായി. രക്ഷപ്പെടണമെന്ന് തോന്നിയപ്പോള്‍ എന്നെ പുനരധിവാസ കേന്ദ്രത്തിലാക്കാന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അവിടെയും ഭയാനകമായ സംഭവങ്ങളായിരുന്നു എന്നെ കാത്തിരുന്നത്.

നാലഞ്ചു പേര്‍ ചേര്‍ന്ന് എന്നെ തല്ലിച്ചതയ്ക്കുമായിരുന്നു. പലപ്പോഴും രക്തം വാര്‍ന്ന് ബോധരഹിതനായി കിടന്നിട്ടുണ്ട്. എങ്ങനെയൊക്കെയോ ഞാനെന്റെ മാനേജര്‍മാരെ വിളിച്ചു. അവരാണ് എന്നെ അവിടെ നിന്നും പുറത്തു കടത്തിയത്. അതോടെ ജീവിതം പഴയ പോലെ ആകുമെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ സുയാഷുമായി എന്നും വഴക്കായിരുന്നു. അപ്പോള്‍ തന്നെയാണ് ഞാന്‍ അവര്‍ക്കെതിരേ കേസ് കൊടുത്തതും. കാരണം എന്റെ ജീവനില്‍ എനിക്ക് ഭയം തോന്നി തുടങ്ങിയിരുന്നു. അത് സത്യവുമായിരുന്നു. അവരെന്നെ ഒരു ഭ്രാന്താലയത്തില്‍ തള്ളി അവിടെ ഇല്ലാത്ത അസുഖത്തിന് എനിക്ക് ചികിത്സ നല്‍കി പീഡിപ്പിച്ചുസിദ്ധാര്‍ഥ് പറഞ്ഞു.

ഈ മാനസികാശുപത്രിയില്‍ ചെലവ് കൂടുതലായതിനാല്‍ ആശാ കി കിരണ്‍ എന്ന മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയും അവിടെയുള്ള ജീവനക്കാരാണ് പുതിയ ജീവിതം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സിദ്ധാര്‍ഥ് പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥിന്റെ കുടുംബം ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

View this post on Instagram

right now im in safe hands …will update you guys in 2-3days

A post shared by Sidharth Sagar (@sidharthsagar.official) on