ഹോളിവുഡിനെ ഞെട്ടിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

single-img
4 April 2018

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹോളിവുഡ് താരങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ ആഘോഷങ്ങള്‍ക്കും സല്ലാപങ്ങള്‍ക്കുമായി ഒത്തു കൂടാറുള്ള ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ സൗദി കിരീടാവകാശി മൊത്തം വാടകയ്ക്ക് എടുത്തതാണ് താരങ്ങള്‍ക്ക് അമ്പരപ്പായത്.

ഇതോടെ ഇങ്ങോട്ട് അടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് താരങ്ങള്‍. ഹോളിവുഡ് താരങ്ങളുടെയും അതിസമ്പന്നരുടെയും ഏറ്റവും പ്രിയപ്പെട്ട ഹോട്ടലാണിത്. അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ ഹോട്ടല്‍. ഹോളിവുഡിലെ വമ്പന്‍ താരങ്ങളില്‍ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരു മുറി പോലും ഒഴിവില്ലെന്നാണ് കിട്ടിയ വിവരം. എല്ലാ മുറികളും സൗദി സംഘത്തിനായി ബുക്ക് ചെയ്തതാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിയുന്നത് വരെ ഹോട്ടലില്‍ ഒഴിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

16 നിലകളുള്ള അത്യാഡംബര ഹോട്ടലാണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാനുള്ള മല്‍സരമാണ് നടക്കുന്നത്. അറബ് വേഷങ്ങള്‍ മാറ്റി കോട്ടും സൂട്ടും ധരിച്ചെത്തിയ സല്‍മാന്‍ രാജാവ് മുന്‍ ന്യൂയോര്‍ക്ക് മോയറുമായി കോഫി ഷോപ്പില്‍ സംസാരിച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.