റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോളില്‍ അമ്പരന്ന് ആരാധകര്‍; ഗോള്‍ കൊള്ളാമെങ്കിലും തന്റെയത്ര വരില്ലെന്ന് സിനദിന്‍ സിദാന്‍

single-img
4 April 2018

Support Evartha to Save Independent journalism

https://www.youtube.com/watch?time_continue=108&v=-5oDtmztOT4

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഗോള്‍ കണ്ട് യുവന്റസ് ആരാധകര്‍പോലും വൈരം മറന്ന് എഴുന്നേറ്റു നിന്ന് കയ്യടിച്ചിരുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളിനെ അഭിനന്ദിച്ച് രംഗത്തെത്തിയവരില്‍ യുവന്റസ് ഗോളി ജിയാന്‍ ലൂജി ബഫണ്‍ വരെയുണ്ട്. കിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മൂളിപറന്നുപോകുമ്പോള്‍ നിന്നിടത്തുനിന്നും അനങ്ങാന്‍ പോലുമാകാതെ സ്തംഭിച്ചുനില്‍ക്കുകയായിരുന്നു ബഫണ്‍.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു റയല്‍ മാഡ്രിഡ് പരിശീലകനും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായ സിദാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെക്കുറിച്ചും കളിയെക്കുറിച്ചും വാചാലനായത്. ‘വ്യത്യസ്ഥനാണ് ക്രിസ്റ്റിയാനോ.

എപ്പോഴും അസാധാരണമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം അയാളിലുണ്ട്. ആ ബൈസിക്കിള്‍ കിക്ക് ഗോള്‍ അതിമനോഹരമാണ്. അതേസമയം വളരെയെളുപ്പത്തില്‍ ഗോള്‍ നേടാവുന്ന ചില അവസരങ്ങള്‍ റൊണാള്‍ഡോ തുലച്ചുകളയുകയും ചെയ്തിട്ടുണ്ട്’ സിദാന്‍ പറയുന്നു.

അതിനിടെ 16 വര്‍ഷം മുമ്പ് സിദാന്‍ നേടിയ ഗോളുമായി ക്രിസ്റ്റിയാനോയുടെ ബൈസിക്കിള്‍ കിക്കിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യങ്ങളും ഉയര്‍ന്നു. 2002ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ ലവര്‍ കുസനെതിരെയായിരുന്നു റയല്‍ മാഡ്രിഡ് കളിക്കാരനായിരുന്ന സിദാന്റെ ഗോള്‍. സിദാന്റെ ഇടംകാലന്‍ വോളി അതിസുന്ദരമായ ഗോളിലാണ് അവസാനിച്ചത്. ആ ഗോളിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ ഇങ്ങനെയായിരുന്നു സിദാന്റെ മറുപടി. ‘സംശയിക്കേണ്ട, എന്റെ ഗോള്‍ തന്നെയാണ് മികച്ചത്’