തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി

single-img
4 April 2018

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയെന്ന ആരോപണത്തിന് വിധേയമായിരുന്നു ദിവ്യ എസ്.അയ്യര്‍. ഇതേ തുടര്‍ന്നാണ് സ്ഥലമാറ്റം എന്നാണ് സൂചന.

വര്‍ക്കല എംഎല്‍എ വി.ജോയിയും സിപിഎമ്മും അടക്കം വിഷയത്തില്‍ കടുത്ത നിലപാട് എടുത്തതാണു സബ് കലക്ടർക്കു തിരിച്ചടിയായത്. തിരുവനന്തപുരം കലക്ടര്‍ വാസുകി, ലാൻഡ് റവന്യു കമ്മിഷണർ എന്നിവർ വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷമാണു ദിവ്യയ്ക്കെതിരെ നടപടിയെടുത്തത്.

അയിരൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സബ്കലക്ടറെ ചുമതലപ്പെടുത്തി.

ഇതനുസരിച്ചു പരാതിക്കാരിയുടെ വാദം കേട്ട സബ്കലക്ടര്‍ തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നല്‍കുകയുമായിരുന്നു. ദിവ്യ എസ്.അയ്യര്‍ ഭൂമി വിട്ടുകൊടുത്തതു കെ.എസ്.ശബരിനാഥന്റെ താല്‍പര്യപ്രകാരമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഭൂസംരക്ഷണനിയമം അനുസരിച്ചാണു തീരുമാനമെടുത്തതെന്നും ഭൂഉടമയെ നേരിട്ടു കണ്ടിട്ടില്ലെന്നുമായിരുന്നു ദിവ്യയുടെ നിലപാട്.