ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു: ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

single-img
4 April 2018

സിബിഎസ്ഇ ചോദ്യചോര്‍ച്ച അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മാനവവിഭവ ശേഷിമന്ത്രാലയം മുന്‍ സെക്രട്ടറി വി.എസ് ഒബ്‌റോയ് അധ്യക്ഷനായ സമിതി, അടുത്ത മാസം മുപ്പത്തിയൊന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ചോദ്യപേപ്പര്‍ അച്ചടി, പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സമിതി ശുപാര്‍ശ കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങി പരീക്ഷ നടത്തിപ്പില്‍ സമൂലമാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അതേസമയം, സിബിഎസ്ഇ ചോദ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. കോടതി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും തീരുമാനമെടുക്കേണ്ടത് സിബിഎസ്ഇയാണെന്നും ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ വാദങ്ങളിലേയ്‌ക്കൊന്നും സുപ്രീം കോടതി കടന്നില്ല.

ഏഴോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഓരോ ഹര്‍ജിക്കാരനും വാദം പറയാന്‍ ചുരുങ്ങിയ സമയം കോടതി അനുവദിച്ചിരുന്നു. തുടര്‍ന്ന് സി.ബി.എസ്.സി.യുടെ വാദം കേള്‍ക്കാതെ തന്നെ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.