വി.ടി ബല്‍റാം എംഎല്‍എയുടെ എതിര്‍പ്പ് തള്ളി ചെന്നിത്തല; കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഒന്നിച്ചു; ബില്‍ പാസാക്കി

single-img
4 April 2018

Support Evartha to Save Independent journalism

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസായി. പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ട് നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു.

നീറ്റ് യോഗ്യത കണക്കിലെടുക്കാതെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 118, കരുണയിലെ 31 എന്നിങ്ങനെ വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ക്രമപ്പെടുത്തിയത്. പ്രവേശനം ക്രമപ്പെടുത്തുന്നതിനെ പ്രതിപക്ഷത്ത് നിന്ന് വി.ടി.ബല്‍റാം എതിര്‍ത്തെങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് ബില്ലിനെ പിന്തുണച്ചതെന്ന് പറഞ്ഞ് ചെന്നിത്തല ബല്‍റാമിനെ തള്ളുകയായിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു.

2016 17 വര്‍ഷത്തില്‍ കോളേജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇത് അംഗീകരിക്കാതിരുന്ന കോളേജുകള്‍ അദ്ധ്യയനം തുടര്‍ന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും അംഗീകാരം കിട്ടിയില്ല. ഇതോടെ ആരോഗ്യ സര്‍വകലാശാല ഈ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും അനുവദിച്ചില്ല.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കോടതിയും ഇത് ശരിവച്ചു. ഇതോടെ പ്രവേശനം ക്രമപ്പെടുത്താന്‍ മാനേജ്‌മെന്റുകളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ മടിക്കില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റിന്റെ ചതിയില്‍ നിന്ന് രക്ഷിക്കാനുള്ള മാനുഷിക ഇടപെടലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നിലപാട്.