വടകര വിവാഹ വീഡിയോ മോര്‍ഫിങ്: മുഖ്യപ്രതി ഇടുക്കിയില്‍ പിടിയില്‍

single-img
4 April 2018

വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. 13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബീഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്. വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ആദ്യം പിടിയിലായവര്‍ക്കെതിരേ ഐ.ടി ആക്ട് പ്രകാരവും, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യാമില്ലാ കേസാണ് ചുമത്തിയത്. ഇതേ കുറ്റങ്ങള്‍ തന്നെയാവും ബിബീഷിനെതിരേയും ചുമത്തുക. ബിബീഷിന്റെ കയ്യിലെ ഹാര്‍ഡ് ഡിസ്‌ക്കില്‍ 45000 സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതില്‍ നൂറ് കണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഹാര്‍ഡ് ഡിസ്‌ക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിബീഷ് മോര്‍ഫിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായിരുന്നു.

പക്ഷെ എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരെ ഇവര്‍ നടപടിയും എടുത്തില്ല. ബിബീഷ് ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് പോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്.

സംഭവം വിവാദമായതോടെ പ്രദേശത്തെ സര്‍വകക്ഷിസംഘമാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു. തുടര്‍ന്ന് ഡിസ്‌ക് പോലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി.

സ്റ്റുഡിയോ ഉടമകളുടെ നാടായതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക വിവാഹങ്ങള്‍ക്കും വീഡിയോ ചിത്രീകരണം നടത്തുന്നത് ഇവരാണ്. ഇവര്‍ വിവാഹ ചിത്രീകരണം നടത്തിയ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും ഇതേപോലെ മോര്‍ഫിങ് നടത്തിയതായി സൂചനകളുണ്ട്.

അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്‍ഫിങ്ങും തുടങ്ങി. അതിനു മുമ്പുള്ള വിവാഹ വീഡിയോകളും മോര്‍ഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നല്‍കിയത്.