വേര്‍പ്പെടുത്തിയാല്‍ ഒരാള്‍ മരിക്കും; വേര്‍പ്പെടുത്തിയില്ലെങ്കില്‍ ഇരുവരെയും നഷ്ടമാകും; സയാമീസ് ഇരട്ടകള്‍ക്ക് മുന്നില്‍ കണ്ണീരോടെ മാതാപിതാക്കള്‍

single-img
3 April 2018

ആറ് വയസുള്ള സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഫിലിപ്പിനോ കുടുംബം. എന്നാല്‍ കുട്ടികളെ തമ്മില്‍ വേര്‍പ്പെടുത്തിയാല്‍ അതില്‍ ഒരാള്‍ മരിക്കും. വേര്‍പ്പെടുത്തിയില്ലെങ്കില്‍ രണ്ട് പേരും അധികകാലം ജീവിച്ചിരിക്കുകയുമില്ല.

ചിയാര, ചാരിന നോര്‍ട്ടെഗ എന്നീ പെണ്‍കുട്ടികളാണ് തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ പിറന്നത്. കുളിക്കാനും, ഭക്ഷണം കഴിക്കാനും, കളിക്കാനും, പഠിക്കാനുമെല്ലാം ചിയാരയും ചാരിനയും ബുദ്ധിമുട്ടുകയാണ്. ഒരുമിച്ചല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.

ഫിലിപ്പൈന്‍സിലെ പാലാവാനിലെ റോക്‌സാസിലാണ് സയാമീസ് ഇരട്ടകളായ പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരുടെയും മാതാപിതാക്കള്‍. അതുകൊണ്ട് തന്നെ ചിയാരയെയും ചാരിനയെയും വേര്‍പ്പെടുത്താനുള്ള പണം കണ്ടെത്തുക ഇവര്‍ക്ക് എളുപ്പമുള്ള കാര്യമല്ല.

മൂന്ന് സഹോദരങ്ങള്‍ കൂടി ഇവര്‍ക്കുണ്ട്. തങ്ങളുടെ മക്കളെ വളര്‍ത്താനും അവര്‍ക്കു വേണ്ടിയുള്ള മരുന്നിനും കഷ്ടപ്പെടുകയാണ് ഈ കുടുംബം. മക്കളുടെ ചികിത്സക്കുള്ള പണം കണ്ടെത്താനായി എത്ര കഷ്ടപ്പെടാനും താന്‍ തയ്യാറാണെന്ന് കുട്ടികളുടെ പിതാവ് ആര്‍നല്‍ പറയുന്നു.

എന്നാല്‍ താന്‍ ജീവിതകാലം മുഴുവന്‍ ജോലി ചെയ്താലും ശസ്ത്രക്രിയയ്ക്കുള്ള വലിയ തുക കണ്ടെത്തുക എളുപ്പമല്ലെന്നും ആര്‍നല്‍ പറഞ്ഞു. ചിയാരക്ക് മുച്ചുണ്ടുള്ളതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. ചാരിനയാണ് ചിയാരക്ക് കൂടി വേണ്ടി സംസാരിക്കുന്നത്. കുട്ടികളെ വേര്‍പ്പെടുത്തുന്നത് ശ്രമകരമായ കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നിരുന്നാലും എങ്ങനെയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ തന്നെയാണ് തീരുമാനമെന്ന് കുട്ടികളുടെ അമ്മ സോണിയ പറഞ്ഞു. ഒരാളുടെ ജീവന്‍ നഷ്ടമാകുമെന്ന് അറിയാം. എന്നാല്‍ ഒരാളുടെ ത്യാഗത്തിലൂടെ മറ്റൊരാള്‍ക്ക് സുഖമായി ജീവിക്കാലോ. ശാസ്ത്രം അദ്ഭുതം പ്രവര്‍ത്തിക്കുമെന്ന് തന്നെ വിശ്വസിക്കുന്നതായും സോണിയ പറഞ്ഞു.

ഇരുവരും സ്‌പെഷ്യല്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ചിയാര പഠിക്കാന്‍ മിടുക്കിയാണ്. പഠിക്കാന്‍ ഇഷ്ടമാണ്. കണക്കാണ് ഇഷ്ട വിഷയം. കഥകള്‍ കേള്‍ക്കാന്‍ രണ്ട് പേര്‍ക്കും ഇഷ്ടമാണ്. വരയ്ക്കാനും ഇഷ്ടമാണ്.