ഓസ്‌ട്രേലിയ നാണംകെട്ടു; 492 റണ്‍സിന്റെ ചരിത്ര വിജയവുമായി ദക്ഷിണാഫ്രിക്ക

single-img
3 April 2018

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നാണംകെട്ടതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തോറ്റമ്പി. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ 492 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു നേട്ടമാണ്. 1970ന് ശേഷം സ്വന്തം മണ്ണില്‍ ആസ്‌ട്രേലിയക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പര വിജയമാണ്. ആദ്യ ടെസ്റ്റില്‍ മാത്രമാണ് കംഗാരുപ്പടക്ക് ജയിക്കാനായത്. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറാണ് കംഗാരുക്കളെ കശാപ്പുചെയ്തത്.

നേരത്തെ സെഞ്ചുറി നേടിയ മര്‍ക്രാമിന്റെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 488 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 221 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത റബാദയും ഫിലാന്‍ഡറുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്.

തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആറു വിക്കറ്റിന് 344 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക 612 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വെയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സിനാണ് ആസ്‌ട്രേലിയ കൂടാരം കയറിയത്. ജോ ബേര്‍ണ്‍സ്(42) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (24) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

അഞ്ചാം ദിവസം മാര്‍ഷ് സഹോദരന്‍മാരെ പുറത്താക്കി തുടങ്ങിയ ഫിലാന്‍ഡര്‍ 200ാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി. അവസാന ദിവസത്തെ ഏഴു വിക്കറ്റുകളില്‍ ആറെണ്ണവും വീഴ്ത്തയത് ഫിലാന്‍ഡറായിരുന്നു. 42 റണ്‍സെടുത്ത ബേണ്‍സാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍.

ഫാസ്റ്റ് ബൌളര്‍ മോര്‍ണെ മോര്‍ക്കലിന്റെ അവസാന ടെസ്റ്റ് പരമ്പരയാണിത്. ജയത്തോടെ മോര്‍ക്കലിനെ യാത്രയയക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.