ഡീന്‍ എല്‍ഗറിന്റെ അത്ഭുത ക്യാച്ച്: ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ പോലും വെല്ലുവിളിക്കുന്ന ക്യാച്ചെന്ന് ക്രിക്കറ്റ് ലോകം (വീഡിയോ)

single-img
3 April 2018

ദക്ഷിണാഫ്രിക്ക ആസ്‌ട്രേലിയ നാലാം ടെസ്റ്റിനിടെയാണ് ഈ മനോഹര ക്യാച്ച് പിറന്നത്. ഒന്നാം ഇന്നിങ്‌സിലെ അവസാന വിക്കറ്റായ ആസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിനിനെയാണ് എല്‍ഗര്‍ പറന്നു പിടിച്ചത്. ഗുരുത്വാകര്‍ഷണത്തെ പോലും ചോദ്യം ചെയ്യുന്ന ക്യാച്ചെന്നാണ് ഇതിനെ ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ചത്.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 488 റണ്‍സിന് മറുപടിയുമായി ഒന്നാമിന്നിങ്‌സിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ തകര്‍ച്ചയായിരുന്നു ഫലം. ആറു വിക്കറ്റിന് 110 എന്ന നിലയിലെത്തിയ ആസ്‌ട്രേലിയ ക്യാപ്റ്റന്‍ ടിം പെയിനിന്റെ മികവിലാണ് തകര്‍ച്ചയില്‍ നിന്നും കരകയറിയത്.

കമ്മിന്‍സുമായി ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പടുത്തുയര്‍ത്തിയത്. ഒടുക്കത്തെ വിക്കറ്റായി പെയിനിനെ എല്‍ഗര്‍ പറന്നു പിടിക്കുമ്പോള്‍ സ്‌കോര്‍ 221ലെത്തിയിരുന്നു. റബാഡയുടെ പന്ത് മിഡ് ഓണിലേക്കാണ് പെയിന്‍ അടിച്ചത്. പുറകിലേക്ക് ഓടി പന്ത് എല്‍ഗര്‍ പിടിയിലാക്കുന്നത് അവിശ്വസനീയതയോടെയാണ് എല്ലാവരും കണ്ടു നിന്നത്.