യുഎഇയില്‍ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയാല്‍ തടവും പിഴയും ശിക്ഷ: അപകടദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാലും കുടുങ്ങും

single-img
3 April 2018

അബുദാബി: വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ വ്യഗ്രത കാട്ടുന്നവര്‍ ജാഗ്രതൈ. അബുദാബിയിലാണെങ്കില്‍ നിങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ കിട്ടും. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിരവധി അപകടദൃശ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

യു.എ.ഇ. സൈബര്‍ നിയമപ്രകാരം ആറുമാസംവരെ തടവും ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍. അപകടങ്ങളുടെയും സാഹചര്യങ്ങളുടെയും ഗൗരവത്തിനനുസരിച്ച് വലിയതുക പിഴയും ജയില്‍ ശിക്ഷയുംവരെ ലഭിച്ചേക്കാവുന്ന കുറ്റമാണ് ദൃശ്യങ്ങള്‍ പകര്‍ത്തല്‍. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന അപകടദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൂടുതല്‍ സന്ദേശങ്ങളും തെറ്റായിട്ടുള്ളതാണ്. ഏതെങ്കിലും വാര്‍ത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതിനുമുന്‍പ് അവയുടെ ഉറവിടവും ഉള്ളടക്കവും സത്യസന്ധമായതാണോ എന്ന് പരിശോധിക്കാന്‍കൂടി ജനം തയ്യാറാവണമെന്ന് അബുദാബി പോലീസ് കമാന്‍ഡ് അഫയര്‍ അധ്യക്ഷന്‍ മേജര്‍ ജനറല്‍ സലിം ഷഹീന്‍ അല്‍ നുഐമി പറഞ്ഞു.

ക്രിയാത്മക ഇടപെടലുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യം. സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് പങ്കുവെയ്ക്കലുകള്‍ നടക്കുന്ന വേദികളാവണം സാമൂഹികമാധ്യമങ്ങള്‍. റോഡപകടങ്ങളടക്കമുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഔദ്യോഗിക വിഭാഗങ്ങളുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.