ബുള്ളറ്റിനും എബിഎസ്

single-img
3 April 2018

Donate to evartha to support Independent journalism

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വരുന്നു. സിംഗിള്‍ ചാനല്‍ എബിഎസാണ് ബുള്ളറ്റില്‍ ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 125 സിസിക്ക് മുകളിലുള്ള എല്ലാ ബൈക്കുകള്‍ക്കും ഏപ്രില്‍ 1 മുതല്‍ എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടപടി. ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ക്കാണ് എബിഎസ് ഫീച്ചര്‍ ആദ്യം ലഭിക്കുക. ബുള്ളറ്റുകള്‍ക്ക് പൊതുവെ ഭാരം കൂടുതലാണ് എന്നതിനാല്‍ എബിഎസ് ബുള്ളറ്റ് മോഡലുകളുടെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും.

ഡ്യൂവല്‍ ചാനല്‍ എബിഎസിനെക്കാളും ചെലവ് കുറവാണ് സിംഗിള്‍ ചാനല്‍ എബിഎസിന്. പുതിയ നിര്‍ദ്ദേശപ്രകാരം ബൈക്കുകള്‍ക്ക് സിംഗിള്‍ ചാനല്‍ എബിഎസ് മതിയാകും. സിംഗിള്‍ ചാനല്‍ എബിഎസ് ആയത് കൊണ്ടു തന്നെ വിലയില്‍ കാര്യമായ വര്‍ധനവും കമ്പനി രേഖപ്പെടുത്തേണ്ടി വരില്ല.

പതിനായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ വിലവര്‍ധനവ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എബിഎസില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ബുള്ളറ്റിന് പിന്നാലെ ഹിമാലയനിലും എബിഎസ് ഫീച്ചറിനെ കമ്പനി നല്‍കും. രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഹിമാലയന് ഡ്യൂവല്‍ ചാനല്‍ എബിഎസാണുള്ളത്.

ഹിമാലയന്റെ ഇന്ത്യന്‍ പതിപ്പിലും ഡ്യൂവല്‍ ചാനല്‍ എബിഎസിനെ തന്നെയാകും കമ്പനി ഒരുക്കുക. ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 650 സിസി ഇരട്ട സഹോദരങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഡ്യൂവല്‍ ചാനല്‍ എബിഎസ് ഇടംപിടിക്കും. ഏപ്രില്‍ രണ്ടാം പകുതിയോടെ തന്നെ എബിഎസ് ബുള്ളറ്റ് വിപണിയില്‍ എത്തുമെന്നാണ് സൂചന.