ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ.

single-img
2 April 2018

ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഈ നടപടിയാണ് ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ മാസം 9ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.