ഭാരത് ബന്ദില്‍ വ്യാപക അക്രമം;കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിട്ടു

single-img
2 April 2018

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം.രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു.

കോൺഗ്രസ്, ഭാരിപ് ബഹുജൻ മഹാസംഘ്, ജനതാ ദൾ, സിപിഐ, വിവിധ ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ സേവാ ദൾ, ജാതി ആന്ദ് സംഘർഷ് സമിതി, സംവിധാൻ സംവർധൻ സമിതി, നാഷനൽ ദലിത് മൂവ്മെന്റ് ഫോർ ജസ്റ്റിസ് തുടങ്ങിയ സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു..

പഞ്ചാബിൽ മുൻകരുതലിന്റെ ഭാഗമായി സർക്കാർ പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ബിഹാറിൽ ട്രെയിൻ തടഞ്ഞതിനെ തുടർന്ന് പട്ന, ഗയ, ജെഹ്നാബാദ്, ഭഗൽപുർ, അറ, ഡർഭൻഗ, അരാറിയ, നളന്ദ, ഹജിപുർ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കുടുങ്ങി.