യു.എ.ഇ തൊഴില്‍ വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി ഒഴിവാക്കി

single-img
1 April 2018

Support Evartha to Save Independent journalism

ദുബൈ: വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍ക്കാലികമായി വേണ്ടെന്നുവെച്ചു. ഇന്ന് (ഏപ്രില്‍ ഒന്ന്) മുതലാണ് പുതിയ തീരുമാനം നടപ്പിലാവുക. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഈ ഇളവ് ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നടപടി നീട്ടിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഫെബ്രുവരി നാല് മുതലായിരുന്നു വീസയ്ക്ക് സ്വഭാവ സര്‍ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍, ചില രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വീസ അനുവദിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പുതിയ വീസയില്‍ വരുന്നവര്‍ അവിടെ നിന്നാണ് സ്വഭാവ സര്‍ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ടത്. ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.