ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്

single-img
1 April 2018

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി ആരംഭിക്കും. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വിസ്, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പെങ്കടുക്കും. കെ.എസ്.ആര്‍.ടി.സി ബസുകളും ഓടില്ല. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കും.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ബി.എം.എസ് പെങ്കടുക്കില്ല. തൊഴിലാളികള്‍ നാളെ രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് സംസ്ഥാനത്താകെ പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടക്കും.

പണിമുടക്ക് പ്രമാണിച്ച് കേരള, കാലിക്കറ്റ്, കണ്ണൂര്‍, എം.ജി, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരള സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി / ബി.കോം എല്‍എല്‍.ബി /ബി.ബി.എ എല്‍എല്‍.ബി ഡിഗ്രി പരീക്ഷ ഏപ്രില്‍ നാലിലേക്കും മറ്റെല്ലാ പരീക്ഷകളും ഏപ്രില്‍ 18 ലേക്കും മാറ്റി വെച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി ബ്രാക്കറ്റില്‍. കോളേജ്/വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.ഡബ്ല്യൂ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ നാല്), നാലാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം) റഗുലര്‍ (ഏപ്രില്‍ നാല്), മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 13), ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്‌സെടൈം ബി.ടെക് (2014, 2009 സ്‌കീം) (ഏപ്രില്‍ 11), എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) ആറാം സെമസ്റ്റര്‍ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ (മെയ് രണ്ട്). പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. തേഡ് പ്രഫഷനല്‍ ബി.എ.എം.എസ് (സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ മൂന്നിന് നടക്കും. ആറാം സെമസ്റ്റര്‍ യു.ജി ഡിഗ്രി പരീക്ഷ ഏപ്രില്‍ ഒമ്പതിനും രണ്ടാം സെമസ്റ്റര്‍ ബി.എ എല്‍എല്‍.ബി പരീക്ഷ ഏപ്രില്‍ 13നും നടത്തും. ആരോഗ്യ സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷ തീയതി് www.kuhs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. എം.ജി പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും.