‘മാര്‍പാപ്പയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; നരകമില്ലെന്ന് പറഞ്ഞിട്ടില്ല’

single-img
1 April 2018

നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞിട്ടില്ലെന്ന് വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാന്‍ വിശദീകരണക്കുറിപ്പിറക്കി. നൈജീരിയയില്‍ നിന്ന് അനധികൃതമായി കുടിയേറിയ ജോണ്‍ ഒഗ എന്ന യുവാവിനെ മാമോദീസ മുക്കിയാണ് മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശം നല്‍കിയത്.

ഭയത്തെ കീഴ്‌പ്പെടുത്തി യേശുദേവന്റെ ലക്ഷ്യത്തിനുവേണ്ടി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ദൈവപുത്രന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുനാള്‍ കുര്‍ബാനയില്‍ വിവിധരാജ്യങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.

നേരത്തെ, നരകം എന്നൊന്ന് ഇല്ല എന്ന് വത്തിക്കാനില്‍നിന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. ലോകത്ത് കോടിക്കണക്കിന് വിശ്വാസികളില്ലേ, നല്ല ആത്മാക്കള്‍ക്ക് സ്വര്‍ഗമുള്ളതുപോലെ ചീത്ത ആത്മാക്കള്‍ക്ക് നരകവുമില്ലേ? മരിച്ച ദുഷ്ടാത്മാക്കള്‍ അവിടെയായാരിക്കുമോ എന്നതായിരുന്നു മാര്‍പാപ്പയോടുള്ള ചോദ്യം. എന്നാല്‍ അതിശയിപ്പിക്കുന്ന മറുപടിയാണ് പോപ്പില്‍നിന്ന് ഉണ്ടായത്.

അത്തരം ആത്മാക്കള്‍ നിലനില്‍ക്കില്ല. നരകം എന്നതുതന്നെയില്ല. അനുതപിക്കുന്നവരും ദൈവസ്‌നേഹത്തെ തിരിച്ചറിയുന്നവരും അവിടുത്തേക്ക് എടുക്കപ്പെടും. എന്നാല്‍ ആരേയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ആത്മാക്കളെ രക്ഷിക്കുന്നവനാണ് ദൈവം. ഇങ്ങനെയായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ മുതിര്‍ന്ന പ്രതിനിധിയുമായി സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയായിരുന്നു മാര്‍പാപ്പ. അമേരിക്കയിലെ മാധ്യമങ്ങളുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.