കൊച്ചിയില്‍ സ്വകാര്യ ബസുകാരുടെ ക്രൂരത: ട്രിപ്പ് മുടങ്ങാതിരിക്കാന്‍ തളര്‍ന്നു വീണയാളേയും കൊണ്ട് ബസ് ഓടിയത് അരമണിക്കൂര്‍; ഒടുവില്‍ യാത്രക്കാരന്‍ മരിച്ചു

single-img
1 April 2018

കൊച്ചിയില്‍ ബസില്‍ വച്ച് അസുഖം വന്ന യാത്രക്കാരന്‍ ചികില്‍സകിട്ടാതെ മരിച്ചു. ട്രിപ്പ് മുടങ്ങുമെന്നുപറഞ്ഞ് ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചത്. സ്വകാര്യബസിലെ യാത്രയ്ക്കിടെ ലക്ഷ്മണന് അപസ്മാരബാധ ഉണ്ടായിരുന്നു.

തീര്‍ത്തും അവശനായ ഇദ്ദേഹത്തെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ലക്ഷ്മണന്റെ സഹപ്രവര്‍ത്തകരുടെ പരാതിയില്‍ എളമക്കര പൊലീസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ചയാണ് സംഭവം. എം.ജി റോഡില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസില്‍ കയറിയ ലക്ഷ്മണന്‍ ഷേണായീസ് ബസ് സ്‌റ്റോപ്പിനടുത്തുവെച്ചാണ് കുഴഞ്ഞു വീണത്. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാകുകയും ചെയ്തു. ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.

ഉണരുമ്പോള്‍ അയാള്‍ എഴുന്നേറ്റു പോവുമെന്ന് കണ്ടക്ടര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരന്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇടപ്പള്ളി പള്ളിക്കുമുമ്പില്‍ തളര്‍ന്നു കിടന്ന ലക്ഷ്മണനെ ഇറക്കിവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

അപ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചു. കുഴഞ്ഞു വീണ ഷേണായീസ് മുതല്‍ ഇടപ്പള്ളിവരെ ആറിലേറെ ആശുപത്രികള്‍ക്കു മുന്നിലൂടെയാണ് ബസ് യാത്ര ചെയ്തത്. എന്നിട്ടും ബസ് നിര്‍ത്തി ഗുരുതരാവസ്ഥയിലായ യാത്രക്കാരന് ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. കൊച്ചിയില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.