ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ച ജി സാറ്റ് 6 എ ഉപഗ്രഹം ‘എവിടെപ്പോയി’?

single-img
1 April 2018

Donate to evartha to support Independent journalism

ന്യൂഡല്‍ഹി: വ്യാഴാഴ്ച ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ച ശക്തിയേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എയുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് സൂചന. ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും തന്നെ ഐ.എസ്.ആര്‍.ഒ പുറത്ത് വിടാത്തത് ഉപഗ്രഹത്തിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നു.

ഉപഗ്രഹത്തിന്റെ പവര്‍ സംവിധാനത്തിന് സാരമായ എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടാവാമെന്നാണ് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.56 ന് ജി സാറ്റുമായി കുതിച്ചുയര്‍ന്ന ജി.എസ്. എല്‍.വി. മാര്‍ക്ക് 2 റോക്കറ്റ് എഫ് 08 17.46 മിനിറ്റില്‍ ലക്ഷ്യം കണ്ടിരുന്നു.

ഭൂമിയുടെ 180 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചിരുന്നു. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷന്‍ മാര്‍ച്ച് 30ന് രാവിലെ 9.22ന് ആദ്യ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തലും സാധാരണപോലെ നടന്നു.

എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉപഗ്രഹത്തെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടിട്ടില്ല. രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തലിന് ശേഷം ഗുരുതരമായ എന്തോ പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

180 കിലോമീറ്റര്‍ അടുത്തും 36,000 കിലോമീറ്റര്‍ അകലെയുമായുള്ള ഭ്രമണപഥത്തിലായിരിക്കും ജി.സാറ്റ് 6 എ ഭൂമിയെ വലംവയ്‌ക്കേണ്ടത്. ഉപഗ്രഹത്തിന് എന്താണ് സംഭവിച്ചതെന്നോ തകരാര്‍ പരിഹരിക്കാനാകുമോയെന്ന കാര്യങ്ങളൊന്നും തന്നെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ പറയുന്നില്ല.

ശക്തിയേറിയ വാര്‍ത്താവിനിമയത്തിന് സഹായകരമായ എസ്.ബാന്‍ഡ് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ജി.സാറ്റ് 6 എ മൂന്ന് വര്‍ഷം മുമ്പ് വിക്ഷേപിച്ച ജി.സാറ്റ് 6മായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. 2312 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 10 വര്‍ഷത്തെ ആയുസാണുള്ളത്. 270 കോടിയാണ് ചെലവ്.