പാപികളുടെ ആത്മാക്കള്‍ നരകത്തിലെ കെടാത്ത തീയില്‍ പതിക്കും;നരകം ഇല്ലെന്ന് പാപ്പ പറഞ്ഞിട്ടില്ലെന്ന് വത്തിക്കാന്‍

single-img
31 March 2018


വത്തിക്കാന്‍ സിറ്റി: നരകം ഇല്ല എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞുവെന്ന റിപ്പോട്ടുകള്‍ തെറ്റാണെന്ന് വത്തിക്കാന്‍. ഇറ്റലിയിലെ ‘ല റിപ്പബ്ലിക്ക’ എന്ന പത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പോപ്പിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇറ്റലിയിലെ പ്രശസ്ത ഇടതുപക്ഷ പത്രപ്രവര്‍ത്തകനായ യുജേനിയോ സ്‌കാല്‍ഫാരിയാണ് തന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ പോപ്പിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. നരകം എന്നത് യഥാര്‍ഥത്തില്‍ ഇല്ല എന്ന് പോപ്പ് പറഞ്ഞതായാണ് അഭിമുഖത്തില്‍ പറയുന്നത്.

സ്വര്‍ഗ്ഗം നരകവും അതിന്റെ നിത്യതയും നിലനില്‍ക്കുന്നുവെന്നുമാണ് കത്തോലിക്കാ സഭയുടെ വിശ്വാസം. പശ്ചാത്താപമില്ലാതെ പാപത്തില്‍ മുഴുകി ജീവിക്കുന്നവരുടെ ആത്മാക്കള്‍ നരകത്തിലേക്ക് പോകുമെന്നുമാണ് സഭ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസത്തിനെതിരായി സഭാ തലവന്‍ ഇത്തരത്തില്‍ പറഞ്ഞതാണ് സഭയെ ഞെട്ടിച്ചത്.

സംഭവം വിവാദമായതിനു തൊട്ടുപിന്നാലെയാണ് വത്തിക്കാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു അഭിപ്രായം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നും പോപ്പിനെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു വത്തിക്കാന്റെ ആരോപണം. പോപ്പുമായി നടത്തിയത് ഒരു അഭിമുഖം ആയിരുന്നില്ല. പോപ്പുമായി യുജേനിയോ സ്‌കാല്‍ഫാരി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയായിരുന്നെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ലേഖനം മാത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു.

ക്രിസ്തുമതത്തിന്റെ വിശ്വാസത്തില്‍ സുപ്രധാനമായ നരകം എന്ന സങ്കല്‍പത്തില്‍ വത്തിക്കാന്‍ ഉറച്ചുനില്‍ക്കുന്നു. പാപികളുടെ ആത്മാക്കള്‍ നരകത്തിലെ കെടാത്ത തീയില്‍ പതിക്കും എന്ന കാഴ്ചപ്പാടില്‍ വത്തിക്കാന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. യുജേനിയോ സ്‌കാല്‍ഫാരിയുടേത് തെറ്റായ വ്യാഖ്യാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.