സിൻജോമോനെ കൊന്നത് തന്റെ ഭർത്താവ്;വെളിപ്പെടുത്തലുമായി യുവതി

single-img
31 March 2018

Support Evartha to Save Independent journalism

പത്തനംതിട്ട: കഴിഞ്ഞ തിരുവോണ ദിവസം കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട അത്തിക്കയം സ്വദേശി സിന്‍ജോമോന്‍ കൊല്ലപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി യുവതി. കൊലപ്പെടുത്തിയത് തന്റെ ഭര്‍ത്താവ് ജോബിയാണെന്ന് റാന്നി സ്വദേശിയായ ശ്രീനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

അത്തിക്കയം മടന്തമൺ മമ്മരംപള്ളിൽ ജേക്കബിന്റെ മകൻ സിൻജോമോൻ (21) കഴിഞ്ഞ തിരുവോണത്തലേന്ന് കൂട്ടുകാരുമൊത്ത് പുറത്തുപോയതാണ്. തൊട്ടടുത്ത ദിവസം വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സിൻജോമോൻ മരിച്ച തിരുവോണത്തലേന്ന് പുലർച്ച രക്തംപുരണ്ട വസ്ത്രവും നോട്ടുകെട്ടുകളുമായി വീട്ടിലെത്തിയ ജോബി വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുവെന്നും കാരണമന്വേഷിച്ച തന്നെ മർദിച്ചെന്നും യുവതി പറയുന്നു. അതിനടുത്ത ദിവസങ്ങളില്‍ ചിലര്‍ പണത്തിന്റെ ഷെയര്‍ ചോദിച്ച് എത്തിയിരുന്നതായും യുവതി പറയുന്നു.

വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി യുവതി പരാതി നൽകി. ബുധനാഴ്ച രാത്രി ഭർത്താവ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് പരാതി നൽകിയത്.റാന്നി പൊലീസ് യുവതിയെയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഭർത്താവ് മാത്രമാണ് എത്തിയത്. കുടുംബകലഹമാണ് പരാതിക്ക് കാരണമെന്നാണ് അയാൾ പൊലീസിനെ അറിയിച്ചത്.

ആരോപണത്തിൽ കഴമ്പില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
സിൻജോമോന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.നാട്ടുകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തിയ സമരങ്ങളെ തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു.