കുട്ടികളുടെ ജാതി-മത കണക്ക് : നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ; അവകാശലംഘനത്തിന് നോട്ടീസ്

single-img
31 March 2018

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.1,24,147 കുട്ടികള്‍ ജാതി രേഖപ്പെടുത്താതെ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

അതേസമയം ജാതികോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രംഗത്ത്വന്നു.നിയമസഭയില്‍ ചോദിച്ച സാങ്കേതിക ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. എണ്ണത്തില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.ഈ വിഷയത്തില്‍ സമ്പൂര്‍ണ എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് ചെയതത്. ഇതിന് ജാതിയും, മതവും,വിശ്വാസവുമായി യാതൊരുവിധ ബന്ധവുമില്ല. ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ട് ഇവര്‍ക്ക് ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമാക്കരുതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
കാഞ്ഞങ്ങാട് നെഹ്റു കോളെജിലെ യാത്രയയപ്പ് ചടങ്ങുകള്‍ക്കിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.