ആനകള്‍ക്ക് രക്ഷകരായി എലികള്‍ (വീഡിയോ)

single-img
31 March 2018
നമ്മുടെ നാട്ടില്‍ പൊലീസ് സേനയെ സഹായിക്കുന്ന നായകളെ കണ്ടിട്ടില്ലേ? അവയുടെ ജോലിയാണ് ആഫ്രിക്കയിലെ ഒരു കൂട്ടം എലികള്‍ ചെയ്യുന്നത്. ആഫ്രിക്കന്‍ ആനകള്‍ കൂട്ടത്തോടെ കടന്നുപോകുന്ന വഴികളില്‍ കുഴിബോംബുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതാണ് ഈ ഇത്തിരിക്കുഞ്ഞന്‍മാരായ എലികളുടെ ജോലി. ഇതിനോടകം 106000 കുഴിബോംബുകളാണ് എലികളുടെ വിദഗ്ധ സംഘം കണ്ടെത്തിയിരിക്കുത്.
ഹീറോ റാറ്റ്‌സ് എന്നറിയപ്പെടുന്ന ഇവ ആഫ്രിക്കന്‍ ജയന്റ് പൗച്ച് എലിവിഭാഗത്തില്‍പ്പെടുന്നവയാണ്. കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും മറ്റും മണത്തുകണ്ടുപിടിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഭാരം കുറവുള്ളവയായതിനാല്‍ കുഴിബോംബുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കുറവാണ്.  എലികള്‍ക്ക് ബോംബ് കണ്ടെത്താനുള്ള പരിശീലനം നല്‍കുന്നത് അപോപോ എന്ന ചാരിറ്റി സംഘടനയാണ്.
സൗത്ത് ആഫ്രിക്ക, മൊസാംബിക്,സിംബാബ്വേ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ലിംപോപോ ട്രാന്‍സ്ഫ്രണ്ടിയര്‍ പാര്‍ക്കിലെ കുഴിബോംബുകള്‍ നീക്കം ചെയ്യാനാണ് ഇവയെ ഉപയോഗിക്കുന്നത്.  300 അംഗ ബോംബ് സ്‌ക്വാഡാണ് അപോപോയിലുള്ളത്. ഈ ജോലിയില്‍ ഏര്‍പ്പെടുന്ന എലികള്‍ നേരിടുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്ത് അവര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഉറപ്പുവരുത്താനും സംഘടന ശ്രദ്ധിക്കുന്നുണ്ട്.
ആനകള്‍ക്കും മറ്റു വന്യ മൃഗങ്ങള്‍ക്കും പുറമെ ഈ ഭൂപ്രദേശം വ്യാപാര മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന സിംബാബ്വേയിലെ ജനങ്ങള്‍ക്കും കുഴിബോംബുകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. എലികളുടെ സഹായത്തിലൂടെ ഈ പ്രദേശത്തെ കുഴിബോംബുകള്‍ മുഴുവന്‍ നീക്കം ചെയ്യാനായാല്‍ ഇവിടം പ്രകൃതി സൗഹാര്‍ദ വിനോദ സഞ്ചാരമേഖലയാക്കി അതിലൂടെ കോടിക്കണക്കിനു രൂപ ഖജനാവിലെത്തിക്കാന്‍ സിംബാബ്വേയ്ക്ക് സാധിക്കും.