സ്‌പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധിച്ചു;പ്രതിഷേധവുമായി ജീവനക്കാർ

single-img
31 March 2018

ചെന്നൈ: ദേഹപരിശോധനയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത അപമാനമെന്ന് ആരോപിച്ച് സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിലെ ജീവനക്കാർ പ്രതിഷേധത്തിൽ. ഔചിത്യബോധമില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് എയർ ഹോസ്റ്റസുമാർ മാനേജ്മെന്റിനു പരാതി നൽകിയത്. വിമാനത്തിൽ നിന്നു ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം കാബിൻ ക്രൂ മോഷ്ടിക്കുകയാണെന്ന് ആരോപിച്ചാണ് സ്പൈസ്ജെറ്റിന്റെ പരിശോധന.

ചെന്നൈ വിമാനത്താവളത്തിലെ എയർ ഹോസ്‌റ്റസുമാർ അടക്കമുള്ള ജീവനക്കാരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് ഒരു ഇന്റർനാഷണൽ ഫ്ളൈറ്റടക്കം രണ്ട് വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നത് വൈകി.

പരിശോധനയുടെ പേരില്‍ വനിതാ ജീവനക്കാരി ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും മൂന്നു ദിവസം ഇത്തരത്തില്‍ വിവസ്ത്രയാക്കി പരിശോധിച്ചതായി ഒരു എയര്‍ഹോസ്റ്റസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണമുണ്ടായാല്‍ മാത്രമേ ഇനി ജോലിയില്‍ പ്രവേശിക്കു എന്ന നിലപാടിലാണ് എയര്‍ ഹോസ്റ്റസുമാര്‍.

അതേസമയം, ജീവനക്കാർക്കിടയിലെ ചുരുക്കം ചില കള്ളനാണയങ്ങളെ കണ്ടെത്തുന്നതിനായാണ് ഇത്തരത്തിലുള്ള ദ്രുത പരിശോധനകൾ നടത്തുന്നതെന്ന് സ്‌പൈസ് ജെറ്റ് സീനിയർ വൈസ് പ്രസിഡന്റ് കമൽ ഹിൻഗ്രാനി പ്രതികരിച്ചു. ഇതിന്റെ പേരിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ പരിഹാരമുണ്ടാകുമെന്ന് സ്‌പൈസ് ജെറ്റ് മാനേജ്മെന്റിന്റെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു.