സ്വന്തം മതം വെളിപ്പെടുത്താന്‍ അമിത് ഷാ തയ്യാറാവണം: തിരിച്ചടിച്ച് സിദ്ധരാമയ്യ

single-img
30 March 2018

ബെംഗളൂരു: സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിന് തിരിച്ചടിയുമായി കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഹിന്ദുമതത്തില്‍ പെട്ടയാളാണോ അതോ ജൈനമതത്തില്‍ പെട്ടയാളാണോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

അമിത് ഷാ ഹിന്ദുവാണോ അല്ലയോ എന്ന് ആദ്യം പറയട്ടെയെന്നായിരുന്നു സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. അമിത് ഷാ ജൈനമതത്തില്‍ പെട്ടയാളാണ്. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്നാണ് അമതി ഷാ ദേവങ്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗകാരെയും വിശേഷിപ്പിക്കുന്നത് അഹിന്ദയെന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ലിങ്കായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.