സൗദി അറേബ്യയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

single-img
30 March 2018

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക്
മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ജിസാനില്‍ വച്ചാണ് വ്യാഴാഴ്ച വൈകുന്നേരം സൗദി മിസൈല്‍ തകര്‍ത്തത്. 2015
ജൂണിന് ശേഷം സൗദിയിലേക്ക് 104 മിസൈലുകളാണ് യെമന്‍ ഭാഗത്തുനിന്നും തൊടുത്തുവിട്ടിട്ടുള്ളത്. എല്ലാ മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനം പാട്രിയറ്റിന്റെ സഹായത്തോടെ തകര്‍ത്തു. മാര്‍ച്ച് 25 ന് നടന്ന ആക്രമണത്തില്‍ ഹൂതികളുടെ ഏഴു മിസൈലുകളാണ് സൗദി അറേബ്യ തകര്‍ത്തത്.

എന്താണ് പാട്രിയറ്റ്?

പാട്രിയറ്റ് എന്നാല്‍ കരയില്‍ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈല്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതല്‍ 30 ലക്ഷം ഡോളര്‍ വരെയാണ് ഇതിന്റെ നിര്‍മാണ ചെലവ്.

നിലവില്‍ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സര്‍വീസിലുണ്ട്. ഇതില്‍ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്‌നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.

റോയല്‍ സൗദി എയര്‍ ഡിഫന്‍സിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികള്‍ വിക്ഷേപിച്ച ബുര്‍ഖാന്‍ 2 എച്ചിനെ തകര്‍ത്തത്. വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ മിസൈല്‍ കണ്ടെത്തുകയും ആകാശത്തുവെച്ചു തന്നെ തകര്‍ക്കുകയുമായിരുന്നു.