കെഎസ്ആര്‍ടിസിയിലെ നില്‍പ്പ് യാത്ര: വിലക്ക് മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കും

single-img
30 March 2018

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളില്‍ നിന്നു യാത്ര ചെയ്യുന്നതിനുള്ള വിലക്കൊഴിവാക്കാന്‍ നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സീറ്റുകള്‍ നിറഞ്ഞാലും ഒരു നിശ്ചിത ശതമാനം യാത്രക്കാരെ കൂടി കയറ്റാന്‍ അനുവദിക്കുന്ന രീതിയില്‍ മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിക്കണമെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ ചട്ടം പരിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള മോട്ടോര്‍വാഹനചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്.

ഈചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച നിയമോപദേശം. വിലക്കിനെതിരെ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജിയും നല്‍കും. നിലവില്‍ സൂപ്പര്‍ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകളില്‍ നില്‍പ്പുയാത്ര കെ.എസ്.ആര്‍.ടി.സി അനുവദിക്കുന്നില്ല.

എന്നാല്‍ സൂപ്പര്‍ക്ലാസ്സിലും നില്‍പ്പുയാത്ര പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇത് കെ.എസ്.ആര്‍.ടി.സിക്കും യാത്രാക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.