വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് മതവിദ്വേഷം പരത്തി:പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്‍തുടരുന്ന പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റില്‍

single-img
30 March 2018


ബംഗളുരു: വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മതവിദ്വേഷം പരത്തിയതിനും പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റിലായി.സംഘപരിവാറിനും ബി.ജെ.പിയ്ക്കും വേണ്ടി വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വാര്‍ത്താ പോര്‍ട്ടലാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ്.

153എ, 295എ, 120ബി വകുപ്പുകള്‍ അനുസരിച്ചാണ് മഹേഷിനെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്. നേരത്തെയും പല വിവാദ വാര്‍ത്തകളും പോസ്റ്റ്കാര്‍ഡ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ മാസം 18-ാം തിയ്യതി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ പേരിലാണ് അറസ്റ്റ്.കര്‍ണാടകയില്‍ ജൈന സന്യാസിയെ മുസ്ലിം യുവാക്കള്‍ അക്രമിച്ചുവെന്നാരോപിച്ചാണു ഹെഗ്‌ഡെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആര്‍ക്കും രക്ഷയില്ല. ഒരു ജൈന സന്യാസിയെ മുസ്ലിം യുവാക്കള്‍ ആക്രമച്ചിരിക്കുന്നു എന്ന് പറഞ്ഞ് നഗ്നനായ സന്യാസിയുടെ ഫോട്ടോകള്‍ അടക്കമാണ് പോസ്റ്റ് ചെയ്തത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് വ്യക്തമായി. ബൈക്കിടിച്ച് പരിക്കേറ്റ സന്യാസി മയങ്ക് സാഗറിന്റെ ചിത്രമാണ് മുസ് ലിം യുവാക്കള്‍ ആക്രമിച്ചെന്ന് പറഞ്ഞ് കൊടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹെഗ്‌ഡെക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ബിജെപി നേതാക്കളും അണികളും അറസ്റ്റിനെ അപലപിച്ചു. കര്‍ണാടകയിലെ ഭീരുക്കളായ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹേഷിനെ അറസ്റ്റ് ചെയ്തുവെന്ന് ബിജെപി എംപി പ്രതാപ് സിംഹ പ്രതികരിച്ചു.