‘മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒരു വര്‍ഷം ചായകുടിക്കാന്‍ ചെലവിട്ടത് 3.34 കോടി രൂപ’: അത് എന്ത് തരം ചായയാണെന്ന് കോണ്‍ഗ്രസ്

single-img
30 March 2018

Support Evartha to Save Independent journalism

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി മന്ദിരത്തില്‍ ചായ സല്‍ക്കാരത്തിനായി മാത്രം ഒരു വര്‍ഷം ചെലവഴിച്ചത് 3.4 കോടി. അതായത് ഒരു മാസത്തെ ചായയ്ക്കായി 27 ലക്ഷം രൂപയും ഒരു ദിവസത്തെ ചായയ്ക്ക് 92,958 രൂപയും. 2017-18 സാമ്പത്തിക വര്‍ഷത്തെ വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കാണിത്.

സംസ്ഥാനത്ത് കര്‍ഷകര്‍ കടം മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്ന ധൂര്‍ത്ത് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചായകുടിക്കാനായി ചെലവാക്കിയ പണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.

2015-16 വര്‍ഷങ്ങളില്‍ 58 ലക്ഷം രൂപയായിരുന്നു ഇത്തരത്തില്‍ ചെലവായത്. എന്നാല്‍ 2017-18 ല്‍ എത്തുമ്പോള്‍ ഈ തുക 3.4 കോടിയായി ഉയര്‍ന്നു. 577 ശതമാനത്തിന്റെ വര്‍ധനയാണ് നടന്നിരിക്കുന്നത്. 18,500 കപ്പുകള്‍ നിത്യേന ഉപയോഗിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരൂപം പറഞ്ഞു.

ചായ സല്‍ക്കാരത്തിനായി മാത്രം മുഖ്യമന്ത്രിയുടെ ചെലവില്‍ 577 ശതമാനത്തിന്റെ വര്‍ധനവുണ്ടായത് അഴിമതിയാണെന്ന് സഞ്ജയ് നിരുപം ആരോപിച്ചു. എന്ത് തരം ചായയാണ് അദ്ദേഹം കഴിക്കുന്നതെന്നും അതറിഞ്ഞാല്‍ കൊള്ളാമെന്നും നേതാക്കള്‍ പരിഹസിക്കുന്നുണ്ട്.

ട്രീന്‍ ടി, യെല്ലൊ ടീ എന്നിവ കേട്ടിട്ടുണ്ട് അത്തരത്തില്‍ ആയാല്‍ തന്നെ ഇത്രയും വിലവരില്ലെന്നും നിരുപം പരിഹസിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ എലി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ 3.19,400 എലികളെ കൊന്നൊടുക്കിയതായി ഫട്‌നാവിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഏക്‌നാഥ് ഖട്‌സേ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതോടെ മന്ത്രി മാപ്പുപറഞ്ഞിരുന്നു.