മുഖ്യമന്ത്രിയുടെ വാക്കിനു വീണ്ടും പുല്ലുവില: ഒരു കട്ടിലിറക്കാന്‍ സിഐടിയുക്കാര്‍ 25 രൂപയ്ക്ക് പകരം ആവശ്യപ്പെട്ടത് 100 രൂപ; പണമില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ക്ക് ഭീഷണി

single-img
30 March 2018

പാലക്കാട്: സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍ അന്യായ കൂലി ചോദിച്ച് തൊഴിലാളികള്‍. പാലക്കാട് ജില്ലയിലെ പെരുവെമ്പലിലാണ് സംഭവം. ഇവിടുത്തെ ദളിത് വിഭാഗത്തിലെ 60 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച കട്ടിലുകള്‍ ഇറക്കാനാണ് തൊഴിലാളികള്‍ അന്യായ കൂലി ആവശ്യപ്പെട്ടത്.

ഓരോ കട്ടിലുകള്‍ ഇറക്കാനും 100രൂപ വീതമാണ് തൊഴിലാളികള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കയ്യില്‍ ഉള്ളത് 1500 രൂപ മാത്രമാണെന്നും അത് നല്‍കാമെന്നും ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന തൊഴിലാളികള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുക നല്‍കാന്‍ ബാങ്ക് അധികൃതരും കരാരുകാരനും തയ്യാറാക്കാതെ വന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിടുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു ഉള്‍പ്പെടെയുള്ളവര്‍ യൂണിയന്‍കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നോക്കുകൂലി സമ്പ്രദായം ഒഴിവാക്കാന്‍ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി പ്രത്യേക ജില്ലാതല സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 31നകം കമ്മിറ്റികള്‍ രൂപീകരിക്കാനാണു കലക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം.

നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില നല്‍കിയിരിക്കുകയാണ് സിഐടിയു.