‘മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല’: അമിത് ഷായുടെ ‘പ്രസംഗം’ വീണ്ടും പാര്‍ട്ടിയെ നാണംകെടുത്തി

single-img
29 March 2018

‘നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല’, അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയായി. ബിജെപി എംപി പ്രഹ്ലാദ് ജോഷിക്കാണ് പരിഭാഷയ്ക്കിടെ അബദ്ധം പിണഞ്ഞത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്നാണ് അമിത് ഷാ പറഞ്ഞത്.

എന്നാല്‍ പ്രഹ്ലാദ് ജോഷി പരിഭാഷപ്പെടുത്തിയത് പാവങ്ങളെയും ദലിതരെയും സഹായിക്കാന്‍ മോദി ഒന്നും ചെയ്യില്ല എന്നാണ്. അഴിമതിയില്‍ നമ്പര്‍ വണ്‍ യെഡിയൂരപ്പ സര്‍ക്കാരാണെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ പറഞ്ഞ വീഡിയോ വന്‍ തംരഗമായതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.

തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സമയത്ത് ഈ നാക്കുപിഴയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമോയെന്നാണ് ബിജെപി നേതാക്കളുടെ പേടി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരു പറയാനാണ് അമിത്ഷാ ശ്രമിച്ചത്. ഈ നാക്കുപിഴ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കോണ്‍ഗ്രസും ഇതു ഏറ്റുപിടിച്ചു. രാഹുല്‍ ഗാന്ധി ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റും ചെയ്തിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തൊടുന്നതെല്ലാം പണിയാകുന്ന അവസഥയിലാണ് ബിജെപി. തിരഞ്ഞെടുപ്പ് തിയതി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പെ പ്രഖ്യാപിച്ച ബിജെപി നേതാവിന്റെ പോസ്റ്റും വലിയ തലവേദനയാണുണ്ടാക്കിയത്. അതിന് പിന്നാലെയാണ് പുതിയ അബദ്ധങ്ങള്‍. ഏതായാലും ട്രോളന്‍മാര്‍ക്ക് ചാകരയാണന്ന് ഉറപ്പാണ്.