ജയില്‍ ഷട്ടര്‍ അടയുംമുമ്പ് കുറ്റവാളി ഓടിരക്ഷപ്പെട്ടു; പിന്നാലെ ഓടിയ പൊലീസിന് മുന്നില്‍ ഷട്ടര്‍ അടഞ്ഞു (വീഡിയോ)

single-img
29 March 2018


പൊലീസിന്റെ കണ്ണുവെട്ടിച്ച് കുറ്റവാളി രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. യുഎസിലെ ഇന്ത്യാനയിലുള്ള ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതിക്ക് പിന്നാലെ പൊലീസ് ഓടിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പ്രതി പിടിയിലായി.

ജയിലിലെ ഒരു വലിയ ഹാളിനകത്തേക്ക് രണ്ട് കാറുകള്‍ വന്നു നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരു ഷട്ടര്‍ തുറന്നാണ് കാര്‍ വരുന്നത്. തുടര്‍ന്ന് ഷട്ടര്‍ തനിയെ പതുക്കെ അടയുന്നതും കാണാം. രണ്ട് പൊലീസുകാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി സംസാരിച്ചു നില്‍ക്കുകയായിരുന്നു.

ഇതിനിടയിലാണ് കുറ്റവാളി കാറിന്റെ ഡോര്‍ തുറന്ന് അടയാറായ ഷട്ടറിനടിയിലൂടെ ഓടി രക്ഷപ്പെട്ടത്. തൊട്ടുപുറകെ തന്നെ പൊലീസുകാര്‍ ഓടിയെങ്കിലും ഷട്ടര്‍ അടഞ്ഞുപോയി. ഷട്ടര്‍ തുറന്ന് പിന്നാലെ ഓടിയെങ്കിലും കുറ്റവാളി ഓടി രക്ഷപ്പെട്ടിരുന്നു.

പിന്നീട് നടത്തിയ തെരച്ചിലില്‍ രണ്ട് ദിവസത്തിന് ശേഷം പ്രതി പിടിയിലായി. ഹാളിനുള്ളില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.