മനോരമയ്ക്ക് നല്‍കിയ അഭിമുഖം കൈരളി ചാനല്‍ വളച്ചൊടിച്ചു: മര്യാദകേട് കാണിക്കരുതെന്ന് പിസി വിഷ്ണുനാഥ്

single-img
29 March 2018

Support Evartha to Save Independent journalism

മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖം കൈരളി ചാനല്‍ വളച്ചൊടിച്ചെന്ന ആരോപണവുമായി ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ്. തന്റെ പ്രസ്താവന ചാനല്‍ എഡിറ്റ് ചെയ്ത് കേള്‍പ്പിച്ചത് മര്യാദകേടാണെന്നും വിഷ്ണുനാഥ് ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കി. കൈരളി റിപ്പോര്‍ട്ടറോട് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വിജയിക്കുമെന്നും നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കേണ്ടുന്നും പിസി വിഷ്ണുനാഥ് പറയുന്നു.

വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈനിനു ഒരു അഭിമുഖം നല്‍കിയിരുന്നു. അതിന്റെ അവസാന ഭാഗം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഒരു മടങ്ങിവരവില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എന്നെ രണ്ടുതവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോടുള്ള എന്റെ ഇഷ്ടം അറിയിക്കാന്‍ ഇവിടെ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയായി എന്നെ പരിഗണിക്കരുതെന്നു നേതൃത്വത്തെ അറിയിച്ചു എന്നും മറുപടി പറഞ്ഞു.

മനോരമ അഭിമുഖം പൂര്‍ണ്ണമായി വായിച്ചാല്‍ അതു മനസിലാവുകയും ചെയ്യും. രാവിലെ എന്നെ ഫോണില്‍ വിളിച്ച കൈരളി ചാനല്‍ റിപ്പോര്‍ട്ടറോടും മനോരമ അഭിമുഖത്തെക്കുറിച്ചു ഈ മറുപടി ആണ് നല്‍കിയത്. അധികമായി ഞാന്‍ കൈരളി റിപ്പോര്‍ട്ടറോട് പറഞ്ഞത് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വിജയിക്കുമെന്നും നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കണ്ട എന്നുമാണ്.

ആ ഭാഗം എഡിറ്റ് ചെയ്തു വ്യാജവാര്‍ത്ത ഉണ്ടാക്കിയത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മര്യാദകേടാണ്. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് ലഭിക്കുന്ന ജനസ്വീകാര്യതയെ സിപിഎം ഭയക്കുന്നു. അതറിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്