‘പുതിയ നിയമം’ തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ പുലിവാല് പിടിച്ചത് നയന്‍താര

single-img
29 March 2018

മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു ‘പുതിയ നിയമം’. ചിത്രത്തിലെ നയന്‍താരയുടെ വാസുകി അയ്യര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രം തമിഴിലേക്ക് മൊഴിമാറ്റിയിരുന്നു. റിലീസ് ചെയ്യുന്നതിനായുള്ള ഒരുക്കങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുകയും ചെയ്തു.

എന്നാല്‍ ഈ നീക്കം ഇപ്പോള്‍ തലവേദനയായിരിക്കുന്നത് നയന്‍താരയ്ക്കാണ്. തമിഴ്‌നാട്ടില്‍ സിനിമാ സമരം നടക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുവേണ്ടി തമിഴ്‌നാട്ടിലെങ്ങും പോസ്റ്ററുകള്‍ നിരക്കുകയും ചെയ്തു. സമരത്തിനിടയില്‍ സിനിമാ റിലീസ് ചെയ്യാനൊരുങ്ങിയതിനെതിരെ ഒരു കൂട്ടം നിര്‍മ്മാതാക്കള്‍ രംഗത്തെത്തി.

സിനിമാ റിലീസിനെതിരെ അവര്‍ നയന്‍താരയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. സിനിമയുടെ നിര്‍മ്മാതാവിനോടും അണിയറ പ്രവര്‍ത്തകരോടും പ്രതിഷേധിക്കാതെ ഇവര്‍ എന്തിനാണ് നയന്‍സിനോട് പ്രതിഷേധം കാണിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സംഭവത്തില്‍ നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല.